ആന മയിൽ ഒട്ടകം !!

ജീവിതത്തിലെ പല പ്രധാന ഓർമ്മകളും, സന്തോഷങ്ങളും, പാഠങ്ങളും പലപ്പോഴും സമ്മാനിച്ചത് പെരുന്നാളുകളാണ് എന്ന് പറയുന്നതായിരിക്കും ശരി. അന്നും ഇന്നും പെരുന്നാളെന്ന് കേക്കുമ്പോ ചങ്കില് ഒരു ബാൻഡടിമേളമാണ്.

എന്റെ ഓർമ്മ ശരിയാണെങ്കിൽ അന്ന് ഞാൻ നാലാം ക്‌ളാസ്സിലാണ്. പെരുന്നാള് പണ്ടുമുതലേ സന്തോഷത്തിന്റെ ദിനമാകാൻ മറ്റൊരു കാരണം കൂടി ഇണ്ട്.അന്ന് വരുന്നോരും പോവുന്നോരും ഒക്കെ നേർച്ചിടാൻ പൈസ തരും. ഭാഗ്യമുണ്ടെങ്കിൽ പത്തഞ്ഞൂറ് രൂപ പോക്കറ്റിൽ കേറും.പേപ്പൻ അന്ന് രാവിലെ വന്നപ്പോ തന്നെ 100 രൂപ നേർച്ചിടാൻ തന്നു. അതും പത്തിന്റെ വടി വടി പോലത്തെ മണം പോവാത്ത പുത്തൻ 10 നോട്ടുകൾ. സന്തോഷായി… അത് വേഗം പോക്കറ്റിൽ ഇട്ടു.

ഉച്ചക്ക് ഊണിനു വന്ന അതിഥികൾ ഭക്ഷണം കഴിക്കുന്നതിന്റെ എടേലു അപ്പൻ എന്നോട് പറഞ്ഞു -“പള്ളീലെ സി. എൽ. സി കൗണ്ടറിൽ ഐസ് ക്രീം പറഞ്ഞിട്ടുണ്ട്, നീ അത് പോയി വേടിച്ചിട്ട് വാ എന്ന് “. പള്ളി വീടിന്റെ അടുത്ത തന്നയാണ്, നടക്കാനുള്ള ദൂരം. പോണ വഴിക്ക് ഞാൻ പള്ളിപറമ്പിൽ വെച്ച് ഒരു കളി കണ്ടു. അത് നടത്തുന്ന ആൾ ഇങ്ങനെ ഓളി ഇടുന്നു – “ആർക്കും വെക്കാം, എപ്പഴും വെക്കാം, എങ്ങനേം വെക്കാം, ഒന്ന് വെച്ചാ രണ്ട്, രണ്ടുവെച്ചാ നാല്, നാല് വെച്ചാ പത്ത്, കടന്ന് വരൂ, കടന്ന് വരൂ”.ഞാൻ അവിടേക്ക് കടന്ന് ചെന്നു. കളി ഒരല്പം നേരം കണ്ടു. പത്തുവെച്ചവർ ഇരുപതായും, ഇരുപത് വെച്ചവർ നാല്പതായും പോവുന്നത് ഞാൻ കണ്ടു. അയ്യാൾ എന്നോട് ചോദിച്ചു – “മോനെ ഒരു ട്രയൽ നോക്കണോ, ട്രയലിൽ പൈസ പോവൂല, അടിച്ചാൽ മോനു കിട്ടേം ചെയ്യും”. ഞാൻ പോക്കറ്റിലെ മണം മാറാത്ത 100ൽ നിന്ന് പത്തങ്ങട് വീശി. ചുറ്റും നിന്ന ചേട്ടന്മാരും അപ്പാപ്പന്മാരും ആരിവൻ എന്ന മട്ടിൽ എന്നെ നോക്കുന്നുണ്ടാർന്നു. ട്രയൽ എനിക്കടിച്ചു, 10 ഇരുപതായി തിരിച്ചു കിട്ടി.എനിക്ക് എന്നെ തന്നെ ഒരു ബുദ്ധിരാക്ഷസനായിട്ടുതോന്നി.കളീല് ഇന്റെരെസ്റ്റ്‌ കൂടി, 10 വീണ്ടും വെച്ചു.ആ പത്തുപോയി, വീണ്ടും വെച്ചു, വീണ്ടും പോയി. കളി തുടർന്നുകൊണ്ടേ ഇരുന്നു, കളിസ്ഥലത്ത് കുന്ദകാലിൽ ഇരുപ്പായി ഞാൻ. ഒടുവിൽ കയ്യിലുള്ളത് 50രൂപയായി. കളി നിർത്താമെന്ന് വെച്ച് എണീറ്റപ്പോൾ അയ്യാൾ എന്നോട് പറഞ്ഞു -“മോനെ, പോയ കാശ് തിരിച്ചുപിടിക്കണ്ടേ? . കളിച്ചു തിരിച്ചുപിടിക്ക്, അങ്ങനെയല്ലേ ആങ്കുട്ട്യോള്”. ഞാൻ ഇരുന്നു, കളി തുടർന്നു. ഉച്ച വെയിലിന്റ കടുപ്പൊന്നും ഞാൻ അറിഞ്ഞില്ല,പൈസ പോയികൊണ്ടേ ഇരുന്നു.അവസാനം എന്റെ കയ്യിൽ 10 രൂപ മാത്രമായപ്പോൾ പുറകീന്ന് തട്ടുന്ന പോലെ എനിക്ക് തോന്നി.

തിരിഞ്ഞുനോക്കുബോൾ അപ്പനാണ്. കൈ തളർത്തിയുള്ള ആ അടി വരുന്നത് എനിക്ക് കാണാൻ കൂടി കഴിഞ്ഞില്ല. തലയും കഴുത്തും ഇടത്തോട്ടു കോടിപ്പോയി.പൊന്നീച്ച പാറിയ അടി. എനിക്ക് കണ്ണിൽ മുഴുവൻ ഒരു വെള്ളമയം. ഐസ് ക്രീം ആയിട്ട് വന്നാൽ മതി എന്ന് പറഞ്ഞ് ആള് പോയി.പള്ളിപ്പറമ്പിൽ ഉച്ചയായതിനാൽ തിരക്ക് കുറവായിരുന്നെങ്കിലും, കണ്ടുനിന്നവർ ഒരു നിമിഷത്തേക്ക് സ്തബ്ധരായി. ഞാൻ കരഞ്ഞില്ല. പക്ഷേ ആളുകൾ കണ്ടത്, കുട്ടിയായാലും എന്റെ അഭിമാനത്തെ വൃണപ്പെടുത്തി.എന്റെ മുഖത്തെ ചോരയെല്ലാം വറ്റി. ഞാൻ ഐസ് ക്രീം കൗണ്ടറിലേക്ക് നടന്നു. കൗണ്ടറിൽ നിന്ന ചേട്ടനെന്നോടു പറഞ്ഞു -“മോനെ പൈസ ഇല്ലങ്ങ പിന്നെ തന്നാൽ മതി”. ഞാൻ പൈസ കൊടുത്ത് ഐസ് ക്രീമും വാങ്ങി വീട്ടിലേക്കു നടന്നു.

വീട്ടിലേക്കുനടക്കുമ്പോൾ എനിക്ക് തലകറങ്ങുന്ന പോലെ തോന്നി. പേടിച്ചിട്ടാണ്!!. ഇതിന്റെ ബാക്കി ഒരു വെലിച്ചിട്ടുള്ള അടി ഞാൻ പ്രതീക്ഷിച്ചു.ഞാൻ ഐസ് ക്രീമുമായി വീടിന്റെ പുറകിലേക്ക് നടന്നു. എന്നെ കണ്ട അമ്മച്ചിയെന്നോട് ചോദിച്ചു -“എവിടെ ആർന്നൂടാ, 2മണി ആയി,വാ ചോറുണ്ണാം, കട്ലെറ്റൊക്കെ തണുത്തു”. എന്റെ മുഖം കണ്ട അമ്മച്ചി എന്നോട് വീണ്ടും ചോദിച്ചു – “എന്താടാ നിനക്കൊരു കള്ളലക്ഷണം, കാര്യം പറ!!”. ഞാൻ നടന്നതെല്ലാം അമ്മച്ചിയോടു പറഞ്ഞു.”കിട്ടണ്ടത് കിട്ടേലെ, നീ അകത്തേക്ക് വാ, നിന്റെ മുഖം നീ എന്തനാ കറുപ്പിക്കണേ? “എന്ന് അമ്മച്ചി എന്നോട് ചോദിച്ചു.പള്ളിപ്പറമ്പിലെ അടി ഉണ്ടാക്കിയ അഭിമാനക്ഷതമാണ് പ്രശ്നമെന്ന് അമ്മച്ചിക്ക് മനസിലായി. അമ്മച്ചി എന്നെ അടുത്തേക്ക് ചേർത്തുനിർത്തി പറഞ്ഞു – “മോനെ നിന്റെ അപ്പൻ ചെയ്തതന്യല്ലേ ശരി, നിനക്ക് നമ്മുടെ നാട്ടുകാരെ അറിഞ്ഞൂടെ, ഓരോന്ന് കിട്ടാൻ കാത്ത് നിക്കാണ് അവര്, അപ്പളാ നീ അവർക്ക് തല വെച്ചോടക്കണെ. നിന്റെ പെങ്ങമ്മാരും ചേട്ടന്മാരൊക്ക കിട്ടിയ പൈസക്ക് കുല്ഫിയും, ചോന്ന മിട്ടായീം, കളിക്കോപ്പും ഒക്കെ വാങ്ങിയപ്പോ എന്റെ മോൻ കളിച്ച് കാശിണ്ടാകാൻ പോയി. എന്റെ ഇവനെ നീ കളിച്ച കളീല് നിന്റെ ചുറ്റുനിന്നവരും, കളിനടത്തുന്നവരെല്ലാം ഒത്തുകളിയാർന്നു. നിന്നെ അവര് അന്തസ്സായി പറ്റിച്ചു. അത് പോട്ടേന്നു വെക്കാം,നീ കുട്ടിയല്ലേ തെറ്റുപറ്റാം. പക്ഷെ നിന്നെ എന്തിനാടാ അങ്ങട് വിട്ടേ, ആ കാര്യം നീ മറന്നു. ഇപ്പൊതന്നെ ഇങ്ങനയായ നിന്നെയൊക്കെ വിശ്വസിച്ച് എങ്ങനെയാ ഒരു കാര്യം ഏൽപിക്കാ?”

അപ്പൻ വരുന്നത് കണ്ട് വീട്ടിലേക്ക് കേറിയ ഞാൻ വീണ്ടും ഇറങ്ങി. അപ്പൻ തുടങ്ങി -“ആഹാ നിന്റെ കളിക്കാരൻ മോൻ എത്തിയാ, എന്തിനാടാ പോന്നെ? പള്ളിപ്പറമ്പില് കെടുക്കാർന്നില്ലേ?”

അപ്പൻ : അവർക്കെത്ര സമർപ്പിച്ചു ?

ഞാൻ : 90

അപ്പൻ : എത്ര ഉണ്ടാർന്നു കയ്യില്?

ഞാൻ : 100

അപ്പൻ : ഇപ്പൊ ബാക്കി എത്ര ഇണ്ട്?

ഞാൻ : 10

അപ്പൻ : നന്നായി. പോയി ചത്തൂടെടാ നിനക്ക് !!

ഞാൻ മാലാഖമാരെ നേരിൽ കണ്ടട്ടില്ല, പക്ഷെ എല്ലാ പ്രശ്നഘട്ടങ്ങളിലും എന്നെ രക്ഷിക്കാൻ ഒരു കാവൽ മാലാഖയെ ഉണ്ടായിട്ടുള്ളൂ : എന്റെ വല്യമ്മച്ചി. ഇപ്രാവശ്യവും എന്നെ രക്ഷിക്കാൻ മാലാഖ അവതരിച്ചു !!

വല്യമ്മച്ചി : കഴിഞ്ഞത് കഴിഞ്ഞു. മതീടാ കുട്ടീനെ തെരകീത്. അവൻ ഊണ് കഴിക്കട്ടെ.. പിന്നെ നിങ്ങടെ ഒക്കെ ചരിത്രം ഞാനിവിടെ വിളമ്പണില്ല. നിങ്ങടെ മക്കളല്ലേ, ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അതിശയള്ളൂ.ടാ മോനെ, ഇനി ഇങ്ങനത്തെ കളിക്കൊന്നും പോവല്ലേട്ടാ.. വാടാ കേറി വാ, വല്യമ്മച്ചി ഭക്ഷണെടുത്തുവെക്കാം.

ആ ഒരു അടീടെ ചൂട് കുറച്ച് കാലം നിന്നു. പിന്നീട് നമ്മള് പഴേ പോലെ ആയി. പുതിയ അബദ്ധങ്ങൾ, പുതിയ കളികൾ. ആ കാലഘട്ടത്തിൽ എന്റെ നല്ലവളായ പെങ്ങൾ എന്നെ ആന മയിൽ ഒട്ടകം എന്നാണ് അതിസബോധന ചെയ്തിരുന്നേർന്നേ. പക്ഷെ നല്ല അടി കൊടുത്ത് ഞാൻ അവളെ നേരെയാക്കി.

©2020 robusta

Published by Jimmy John

After a long term of boredom becoming a boredom. I think it's time to show up. A young lad who gave upon impressing people, instead loves to share, express and communicate those raw thoughts and vague imaginations with all readers, friends and folks.

11 thoughts on “ആന മയിൽ ഒട്ടകം !!

Leave a comment

Design a site like this with WordPress.com
Get started