ന്യായവിധി…

കുമ്പനാട്ട് തറവാട്ടിലെ പരേതനായ വറീതേട്ടന്റെ സഹധർമ്മിണിയാണ് ത്രേസ്യാമ്മചേട്ടത്തി. ഒരു ആണും,മൂന്ന് പെണ്ണുമാണാവർക്ക്.മൂത്തമോൻ ജോസ്, അതിനു താഴെ ആലീസ്, ഷേർലി, ഷീബ. അമ്മച്ചിക്ക് ഈ ജനുവരില് 84 തികയുകയാണ് – ആയിരം പൂർണചന്ദ്രന്മാരെ കണ്ടുതീർത്തു – ഭാഗ്യം ചെയ്ത അമ്മച്ചി. ഈ പ്രായത്തിലും എന്നും പള്ളിയിൽ പോവും. കാണാൻ നല്ല തേജസുള്ള ഒരു ചട്ടക്കാരി അമ്മാമ.ജോസ്‌മോൻ കെട്ടിയിരിക്കുന്നത് വല്ലച്ചിറയിലെ അവറാച്ചൻ ചേട്ടന്റെയും സിസിലിചേർത്തിയുടേയും രണ്ടാമത്തെ മോൾ മറിയയെയാണ്. അവറാച്ചൻ ചേട്ടന് 2 പെണ്മക്കളാണ്. അവറാച്ചൻ ചേട്ടനും ഭാര്യക്കും പ്രായമായി, അവർക്കിപ്പോ ഒന്നിനും മേലാതെയായി. അവർ 6മാസം വീതം 2 പെണ്മക്കളുടെ വീട്ടിൽ മാറി മാറി നില്ക്കുകയാണ്.

രാവിലെ ആയാൽ ത്രേസ്യാമ്മചേട്ടത്തി തന്റെ റേഡിയോ ഓൺ ആക്കും – “നമ്മുക്ക് പെങ്കുട്യോൾടെ സ്വത്തും വേണ്ട മൊതലും വേണ്ട, അവസാനം അവരുടെ തന്തേനേം തള്ളേനേം നോക്കാനും വയ്യേ”. തന്റെ 3പെണ്മക്കളുടേം ഭർത്താക്കന്മാർ നല്ലവരാണെന്നും, അവർ വീട്ടിലെ എല്ലാ ജോലികളും ചെയ്യും, എന്നാലോ ഇവിടത്തെ താടക എന്റെ ജോസ്‌മോനെ പണിയെടുപ്പിച്ചുകൊല്ലുവാണെന്നുമാണ് ത്രേസ്യാമ്മചേട്ടത്തിയുട വാദം.തന്റെ മൂത്തമകൾ അലിസിനും 2പെൺമക്കളാണ് -അവരും ഭൂരിഭാഗം സമയത്തും പെണ്മക്കളുടെ വീട്ടിലാണെന്നുള്ള കാര്യം ത്രേസ്യാമ്മചേട്ടത്തി ഇതിനിടയിൽ വെള്ളംതൊടാതെ വിഴുങ്ങും. ത്രേസ്യാമ്മചേട്ടത്തിയും, അവറാച്ചൻചേട്ടനും സിസിലിചേർത്തിയും , ജോസ്‌മോനും പിള്ളേരുമെല്ലാം അടങ്ങുന്ന കുടുംബം മറിയ്ക്കു ഒരു കുഞ്ഞുനരകമാണ്.

ആ ഇടവകയിലെ തന്നെ സെമിത്തേരിസൂക്ഷിപ്പുകാരനാണ് വർക്കി. കുഴിവെട്ട്‌ വർക്കി എന്ന് പറഞ്ഞാലേ ആളുകൾ അറിയൂ. പത്തറപത്തഞ്ജ് വയസ്സായി, ഒറ്റാംത്തടി, ഒരു മുക്കുടിയൻ. രാവിലെ 5.30ക്ക്‌ എഴുന്നേറ്റ് കുരിശുപള്ളില് ചെന്ന് 4 മെഴ്തിരി കത്തിച്ചട്ട് സൈക്കിൾ എടുത്ത് നേരെ അന്തിക്കര ഷാപ്പിലേക്കു പോവും.അതുകഴിഞ്ഞ് വെല്ല ശവടെപ്പുണ്ടെങ്കിൽ പള്ളിപ്പറമ്പിൽ പണിക്കുപോവും, അല്ലെങ്കിൽ മിക്കവാറും വെല്ല തിണ്ണയിൽ കിടന്നുറങ്ങുന്നുണ്ടാവും. പക്ഷെ ആർക്കും ഒരു ശല്യത്തിനും ഇല്ല. ബോധം വരുമ്പോൾ എണീറ്റ് വീട്ടിൽ പോവും. ചോറും മീൻകറിയും ഉണ്ടാക്കും.അതിന്റൊപ്പം പാർസൽ വാങ്ങിയ കള്ളും കുടിച്ച് പടമാവും. ചെരിയുന്നതിനു തൊട്ടുമുന്നേ അയ്യാൾ ഒരു നന്മനിറഞ്ഞ മറിയം എത്തിക്കും.

ആ രാത്രി ഉറങ്ങാൻ കിടന്ന വർക്കിച്ചേട്ടനും, ത്രേസ്യാമ്മചേട്ടത്തിയും പിന്നീടങ്ങ് ഉണർന്നില്ല. അവർ രണ്ടാളും കണ്ണ് തൊറക്കുമ്പോൾ, അവരുടെ കൂടെ ഈശോ നിക്കിണ്ട്, തൊട്ടപ്പുറത് 2 മാലാഖമാരും. അവര് നോക്കിയപ്പോൾ മുഴുവൻ ഒരു വെള്ളമയം. അവരുടെ കാര്യം ഒരു തീരുമാനമായി എന്ന് അവർക്കു മനസ്സിലായി. അപ്പൊ ഈശോ പറഞ്ഞു -“ഇവിടെ ഒരു മുറിയുള്ളൂട്ട മക്കളെ, ഞങ്ങൾക്ക് ഒരാളെ മതി, മറ്റാളെ കൊണ്ടോവാൻ പൊറത്തു സാത്താൻ നിക്കിണ്ട്”. തന്റൊപ്പം മത്സരിക്കാനുള്ളത് മുക്കുടിയൻ വർക്കിയാണെന്നറിഞ്ഞപ്പോൾ ത്രേസ്യാമ്മ ചേട്ടത്തിക്ക് ഭയങ്കരാശ്വാസമായി.തനിക്ക് ഒരു രക്ഷയില്ലാന്നു മനസിലാക്കിയ വർക്കിച്ചേട്ടനാന്നുവെച്ച സാത്താന്റൊപ്പം പോവാൻ റെഡിയായി. അപ്പോഴാണ് ആ വഴിക്ക് മാതാവ് വന്നത്. അപ്പൊ ഈശോ മാതാവിനോട് ചോദിച്ചു – “ഇതില് നമക്ക് ആർനെയാ എടുക്കണ്ടേ അമ്മച്ചിയേ? “. “ഡാാ മോനെ വർക്കി, നീ ഇവട എത്ത്യാടാ? ” എന്ന് മാതാവിന്റെ ചോദ്യംകേട്ട് ഈശോ അടക്കം എല്ലാരും തരിച്ചുപോയി. മാതാവ് തുടർന്നു -“ഈ വർക്കി നമ്മട ചെക്കനാട, നമ്മുക്കവനെ മതീടാ”. അപ്പൊ ത്രേസ്യാമ്മചേട്ടത്തി കരഞ്ഞുകൊണ്ട് മാതാവിനോട് ചോദിച്ചു -“അപ്പൊ എന്നെ അറിയില്ലേ മാതാവേ? “. മാതാവ് പറഞ്ഞു – “അറിയാലോ, നിന്നെ എങ്ങന്യാ അറിയാണ്ടിരിക്ക. സീരിയല് കാണാൻ കുടുംബപ്രാർത്ഥനെടെ സമയം മാറ്റിയ പുള്ളിയല്ലേ നീ. പോരാണ്ട് നീ എന്നും പള്ളീലും വേരാറിണ്ട്. എന്തിനു? നിന്റെ തുണക്കാരോട് നിന്റെ മരിയോളെ കുറ്റം പറയാൻ മാത്രം. മോനെ നീ അവളോട്‌ എന്റെ കൺവെട്ടത്തീന്ന് അങ്ങട് മാറിനിൽക്കാൻ പറഞ്ഞെ. “

അങ്ങനെ ത്രേസ്യാമ്മചേട്ടത്തി സാത്താന്റെ കൂടെ നിത്യനരകത്തിലേക്കും, വർക്കിചേട്ടൻ ഈശോയുടെ കൂടെ നിത്യഭാഗ്യത്തിലേക്കും നടന്നു. നാട്ടിൽ ത്രേസ്യാമ്മചേട്ടത്തിയുടെ ശവടപ്പു മെത്രാന്മാരും, അച്ചന്മാരും, കന്യാസ്ത്രീകളും, പൗരപ്രമുഖരും, നാട്ടുകാരും, ബന്ധുക്കളുമെല്ലാം ആയി ഘോഷമായി നടന്നു. ജോസ്‌മോൻ 3ലക്ഷം ചെലവാക്കി അമ്മച്ചിക്ക് പ്രത്യേക കല്ലറ തന്നെ വാങ്ങിയിട്ടുണ്ട്. ജീവിചിരുന്നിടത്തോളം കാലം തന്നെ ദ്രോഹിച്ചട്ടെയുള്ളൂ എങ്കിലും, അമ്മച്ചിയുടെ വേർപാടിൽ മറിയ ആത്മാർത്ഥമായി കണ്ണീർ പൊഴിച്ചു. വർക്കിച്ചേട്ടന്റെ ശവടപ്പിന് ഒരു പട്ടിയും ഉണ്ടായിരുന്നില്ല.മഴയത്ത്‌ അച്ഛനും കപ്പ്യാരും മാത്രം. കുഴിവെട്ടാൻ ആരുമില്ലാത്തതുകൊണ്ട്, വികാരിയച്ചൻ പൈസ കൊടുത്ത് ഒരാളെവെച്ചാണ് കുഴി വെട്ടിയത്.ശവടപ്പിന്റെ മറ്റുചിലവുകളും അച്ഛൻതന്നെയാ എടുത്തേ.

നമ്മുടെ ജീവിതങ്ങൾ പലപ്പോഴും ത്രേസ്യാമ്മചേട്ടത്തിയുടെ പോലെയാണ്‌, പൊറമേക്ക് നല്ല പകിട്ടാണ് പക്ഷെ ഉള്ളിൽ വികൃതവും. നമ്മൾ ഒരിക്കലും വെല നൽകാത്ത ജീവിതങ്ങളാകാം അതിലും ഒരുപാട് ശ്രേഷ്ഠം. വർക്കിചേട്ടനും, ത്രേസ്യാമ്മചേട്ടത്തിയുമെല്ലാം കാലം നമുക്ക് മുന്നിൽ വെക്കുന്ന ഗുണപാഠങ്ങളല്ല മറിച്ചു ചൂണ്ടുപലകകളാണ്.അത് നോക്കി വേണ്ടവർക്ക് രക്ഷപെടാം എന്ന് മാത്രം.

©2020 robusta

Published by Jimmy John

After a long term of boredom becoming a boredom. I think it's time to show up. A young lad who gave upon impressing people, instead loves to share, express and communicate those raw thoughts and vague imaginations with all readers, friends and folks.

Leave a comment

Design a site like this with WordPress.com
Get started