നന്മയുള്ള വ്യാജൻ..

വികസനം എന്തെന്നറിയാത്ത കേരളത്തിലെ ചുരുക്കം ചില കുഗ്രാമങ്ങളിലൊന്നായിരുന്നു മലയൻകുന്ന്. മഹാത്മാഗാന്ധി കൊല്ലപ്പെട്ട വിവരം അവരറിയുന്നത് അതിന്റെ ഒന്നാം വാർഷികത്തിനാണ്. ചെല്ലപ്പൻചേട്ടന്റെ ചായകടയാണ് അവിടത്തെ എല്ലാ വാർത്തകളുടെയും ഉറവിടം. അവിടെ ഒരു സെക്കന്റ്‌ഹാൻഡ് റേഡിയോ ഉണ്ട്. ചില നേരത്ത് ഒരു തട്ട് കൊടുത്താലെ ശബ്ദം പുറത്തോട്ട് വരുള്ളൂ എന്ന് മാത്രം. അവിടെയുള്ള ജനങ്ങളിൽ ഭൂരിഭാഗം പേരും പള്ളിക്കൂടം കണ്ടിട്ടില്ല. ബീടിതറവും കയറുപിരിക്കലുമാണ് അവരുടെ പ്രധാന തൊഴിൽ. പഞ്ചായത്ത്‌ മെമ്പർ പരമുപിള്ളയാണ് അവിടത്തെ വിദ്യാസമ്പന്നൻ, അയ്യാൾ പത്താംതരം വരെ പോയിട്ടുണ്ടെന്ന് പറയപ്പെടുന്നു. പക്ഷേ 80കളുടെ അവസാനത്തോടെ കാര്യങ്ങൾക്ക് വലിയ മാറ്റമുണ്ടായി. പട്ടണത്തിൽ പോയി പടിക്കുന്നവരുടെ എണ്ണം വളരെയധികം വർധിച്ചു.

അങ്ങനെയിരിക്കെയാണ് ചെല്ലപ്പൻചേട്ടന്റെ ചായക്കടയുടെ മുകളിൽ വാടകക്ക് ഒരു ഡോക്ടർ വരുന്നത്. ഇവിടത്തുകാരനല്ല, നല്ല തേജസുള്ള മുഖം, സൗമ്യനായ ചെറുപ്പക്കാരൻ . ആയുർവേദഡോക്ടർ ആണെന്ന് അറിഞ്ഞതോടെ ജനങ്ങളുടെ ആകാംശ കൂടി. വൈകാതെ ചായക്കടയുടെ മുകളിൽ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. സ്വർഗത്തിലേക്കുള്ള വഴി പോലുള്ള കോണി കയറി വേണം നാട്ടുകാർക്ക് ക്ലിനിക്കിൽ എത്താൻ. ആളുകൾ വൈകാതെ വന്നു തുടങ്ങി. തുച്ഛമായ ഫീസാണ് അയ്യാൾ ഈടാക്കുന്നത്. അത്രമേൽ ദാരിദ്ര്യം അനുഭവിക്കുന്നവർക്ക് ചികിത്സ സൗജന്യമാണ്. അയ്യാളുടെ പേര് തന്നെയാണ് ക്ലിനിക്കിനും – ദേവാനന്ദ്.

അങ്ങനെ ആഴ്ചകളും മാസങ്ങളും കടന്നുപോയി. ഡോക്ടറുടെ ചികിത്സ പലരിലും ഫലം കണ്ടുതുടങ്ങി. ഗോവിന്ദൻനായരുടെ മകന്റെ പിള്ളവാതംകൂടി ചികിൽസിച്ചു ഭേദമാക്കിയതോടെ അയ്യാൾ ആ നാടിന്റെ തന്നെ കണ്ണിലുണ്ണിയായി മാറുകയായിരുന്നു.അവരുടെ അതിരില്ലാത്ത സ്നേഹത്തിനും ബഹുമാനത്തിനും പലപ്പോഴും അയ്യാൾ അർഹനായി. ഡോക്ടർക്കുള്ള ഊണും ചായയും ഒക്കെ നാട്ടുകാരുടെ വകയായി.പലരും കാണിക്കയായി പഴകുലകളും ചക്കയുമെല്ലാമായി ആ കോണി കയറി പോകുന്നത് ഒരു സ്ഥിരം കാഴ്ചയായി മാറി.

2 വർഷങ്ങൾക്കപ്പുറം നാട്ടുകരയോഗം ഒരു പ്രാഥമിക ആരോഗ്യകേന്ദ്രം തുടങ്ങുകയുണ്ടായി. അതിന്റെ സാരഥ്യമേറ്റെടുക്കാൻ ദേവാനന്ദ് ഡോക്ടറെ അവർ നിർബന്ധിച്ചു. പക്ഷെ അദ്ദേഹം അത് സ്നേഹത്തോടെ നിരസിച്ചു.ഡോക്ടർമാരെ കിട്ടാതെ കുറച്ചുനാൾ ആരോഗ്യകേന്ദ്രം അനാഥമായി കിടന്നു. ഒടുവിൽ മെമ്പർ പരമുപിള്ളയുടെ അനന്തരവൻ രാഘവൻ പോലീസ് പട്ടണത്തിൽനിന്നു ഒരു ഡോക്ടറെ കൊണ്ടുവന്നു.പക്ഷെ ജനങ്ങളാരും ഒരാവശ്യത്തിനും ആരോഗ്യകേന്ദ്രം സന്ദർശിച്ചില്ല. അവർകെന്തിനും ഏതിനും ദേവാനന്ദ്ഡോക്ടറെ മതി.അയ്യാളെ കണ്ടാൽ തന്നെ ആളുകളുടെ അസുഖം മാറും എന്ന അവസ്ഥയായി.

അങ്ങനെ ആരോഗ്യകേന്ദ്രം അടച്ചു പൂട്ടണ്ട ഒരു സാഹചര്യം അവിടെ സംജാതമായി.ഇത് രാഘവൻപോലീസിനെ വളരെയധികം ചൊടിപ്പിച്ചു. അങ്ങനെയിരിക്കെയാണ് പരമുപിള്ള തന്റെ മകൾക്ക് ദേവാനന്ദ് ഡോക്ടറെ വിവാഹമാലോചിക്കാൻ തീരുമാനിക്കുന്നത്.തന്റെ മുറപെണ്ണായ അമ്മുകുട്ടിയെ ദേവാനന്ദ് ഡോക്ടർക്ക് ആലോചിച്ചത് രാഘവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.ഒടുവിൽ അയ്യാൾ അമ്മാവനെ പോയി കണ്ട് അയ്യാളുടെ ആഗ്രഹം വ്യക്തമാക്കി. തന്റെ ഏക മകളായ അമ്മുകുട്ടിയെ ആർക്കു വിവാഹം കഴിച്ചുകൊടുത്താലും, വെറും ഒരു കോൺസ്റ്റബിൾ ആയ തനിക്ക് കെട്ടിച്ചുകൊടുക്കില്ല എന്ന് പരമുപിള്ള കട്ടായം പറഞ്ഞു. അമ്മുക്കുട്ടിക്ക് രാഘവനെ ഇഷ്ടമാണ്, പക്ഷെ അച്ഛനെ എതിർക്കാനുള്ള ശക്തിയൊന്നും അവൾക്കില്ല.

രാഘവൻ ദേവാനന്ദ്ഡോക്ടറെ പോയികണ്ട് കാര്യം പറഞ്ഞു.ഡോക്ടർ ഒരു നേർത്ത പുഞ്ചിരിയോടെ പറഞ്ഞു – “സ്നേഹിക്കുന്നവർ തമ്മിൽ ഒന്നിക്കുന്നതാണ് എനിക്കിഷ്ട്ടം, ധൈര്യമായി മുന്നോട്ടു പൊയ്ക്കോളൂ. പരമുപിള്ളച്ചേട്ടനെ ഞാൻ പറഞ്ഞുമനസ്സിലാക്കികൊള്ളാം”.മറുപടി കേട്ട രാഘവൻ സന്തോശംകൊണ്ട് ദേവാനന്ദ്ഡോക്ടറെ ആശ്ലേഷിച്ചു.ഡോക്ടറൊരു മാന്യനാണ്, അയ്യാൾ മനസ്സിൽ പറഞ്ഞു.അയ്യാളെ ഒരു ശത്രുവായികണ്ടതിൽ രാഘവൻ പരിതപിച്ചു.

പിറ്റേദിവസം രാവിലെ ആയപ്പോൾ അമ്മുകുട്ടിയെ കാണുന്നില്ല.പരമുപിള്ള പരിഭ്രാന്തനായി.അയ്യാൾ നാടെങ്ങും അവളെ അനേഷിച്ചു.പക്ഷെ കണ്ടെത്താനായില്ല. രാഘവനെയും കാണുന്നില്ലായിരുന്നു. അതേസമയം ചെലപ്പൻചേട്ടന്റെ ചായക്കടക്കുമുന്നിൽ ഒരു പോലീസ് വണ്ടി കിടക്കുന്നുണ്ടായിരുന്നു. ക്ലിനിക്കിലേക്കാണ് പോലീസ് പോയിരിക്കുന്നത്, എന്തോ പരിശോധനയുടെ ഭാഗമായിട്ടാണ്.കൈകളിൽ വിലങ്ങുമായി ദേവാനന്ദ്ഡോക്ടർ ആ കോണിപടിയിറങ്ങുന്നത് കണ്ട് ആ നാടെങ്ങും നടുങ്ങി. പരമുപിള്ള തലയ്ക്കു കൈവെച്ചു.അതേസമയം തന്നെ കവലയിൽ ഒരു അംബാസ്സഡർ കാറിൽ രാഘവനും അമ്മുക്കുട്ടിയും വന്നിറങ്ങി. അവരുടെ കഴുത്തിൽ പൂമാലകളുണ്ട്. അവരുടെ രജിസ്റ്റർ വിവാഹം കഴിഞ്ഞു. ഏതൊരുരാഷ്ട്രീയക്കാരനെപോലെതന്നെ പരമുപിള്ളയും ഞൊടിയിടയിൽ കാലുമാറി. അയ്യാൾ തന്റെ മകളെയും മരുമകനെയും ഇരുകൈയ്യോടെ സ്വീകരിച്ചു.

കയ്യിൽ വിലങ്ങുകളുമായ് പോവുന്ന സമയത്തും ഡോക്ടറുടെ മുഖത്ത്‌ ആ നിറഞ്ഞ പുഞ്ചിരിയുണ്ടായിരുന്നു.അയ്യാൾ തിരുവനന്തപുരത്തെ ഒരു പച്ചമരുന്ന് കടയിൽ മരുന്ന് എടുത്ത് കൊടുക്കാൻ നിൽക്കുകയായിരുന്നു.കുഞ്ഞിക്കുട്ടനെന്നാണ് ശെരിക്കുള്ള പേര്. അവിടെനിന്ന് 3000രൂപയും കുറച്ചു മരുന്നുകളും അടിച്ചുമാറ്റിയായിരുന്ന അയ്യാളുടെ ഇവിടേക്കുള്ള വരവ്. ഒരുപാട് വ്യാജഡോക്ടർമാരും, വ്യാജരേഖകളും കയ്യോടെ പിടിക്കപ്പെട്ട കാലഘട്ടമായിരുന്നു അത്. അതിന്റ ഭാഗമായിട്ടാണ് ഇവിടെയും പരിശോധന നടന്നത്.ഇതൊന്നും അറിയാതെ, “ഞങ്ങളുടെ ഡോക്ടർമാമനെ കൊണ്ടുപോവല്ലേ”- എന്ന് കുട്ടികൾ വാവിടുന്നുണ്ടായിരുന്നു.

അയ്യാൾ ഒരു വ്യാജനായിരിക്കാം. പക്ഷെ മലയാൻകുന്ന്കാർക്ക് അയ്യാൾ ഒരു ദോഷവും ചെയ്തിട്ടില്ല. അയ്യാളെ അപ്പാടെ വെറുക്കാൻ അതുകൊണ്ടവർക്ക് സാധിക്കയുമില്ല. അയ്യാൾ ഒരു ഡോക്ടറല്ല, കള്ളനാണ്. പക്ഷെ അയ്യാൾക്ക് കൈപുണ്യമുണ്ട്, അതിന്റെ ഗുണം അനുഭവിച്ചവരുമുണ്ട്. സാഹചര്യങ്ങളാകാം അയ്യാളെ ഇങ്ങനയാക്കിയത്. ഒരു പക്ഷെ അയാളൊരു ശെരിക്കുള്ള ഡോക്ടറായിരുനെങ്കിൽ എന്ന് ആഗ്രഹിച്ചുപോയവരാണ് ഭൂരിഭാഗം മലയൻകുന്നുകാരും.ദേവാനന്ദ്ഡോക്ടറെ അവർ ഒരിക്കലും മറക്കില്ല.

ഇതുകഴിഞ്ഞും പലരൂപത്തിലും , പലഭാവത്തിലും കുഞ്ഞിക്കുട്ടനെപോലുള്ളവർ കേരളത്തിലെ പല ഗ്രാമങ്ങളിലൂടെയും വിഹരിച്ചു. ചിലർ പിടിക്കപ്പെട്ടു, ചിലർ ഇപ്പോഴും അവരുടെ സഞ്ചാരം തുടരുന്നു..

©2020 robusta

Published by Jimmy John

After a long term of boredom becoming a boredom. I think it's time to show up. A young lad who gave upon impressing people, instead loves to share, express and communicate those raw thoughts and vague imaginations with all readers, friends and folks.

4 thoughts on “നന്മയുള്ള വ്യാജൻ..

Leave a comment

Design a site like this with WordPress.com
Get started