ചൊവ്വയും വ്യാഴവും..

ഗോപാലൻനായർക്കും വിലാസിനിയമ്മക്കും ഒരൊറ്റ മോളാ ദേവകി. അച്ഛന്റേം അമ്മേടേം സൗന്ദര്യം ഒരുപോലെ കിട്ടിയിരിക്കുന്ന ഒരു സുന്ദരി കുട്ടി. കുങ്കുമചുവപ്പാർന്ന കവിളുകളും നുണകുഴികളും , മുട്ട് വരെയുള്ള മുടിയും, കാന്ധം പോലത്തെ കണ്ണുകളുമുള്ള ആരെയും മോഹിപ്പിക്കുന്ന സ്ത്രീ സൗന്ദര്യം. ഈ ചിങ്ങമാസത്തിൽ അവൾക്ക് 25 വയസ്സ് തികയുകയാണ്.ദേവകിക്ക് 18 തികഞ്ഞന്ന് മുതൽ വേളി അന്വേഷിക്കുന്നുണ്ട്. ആട്ടിത്യത്തിനും, ആഭിജാത്യത്തിനും, കുടുംബ മഹിമക്കൊന്നും ഗോപാലൻനായർക്ക് ഒരു കുറവുമില്ല. ദേവകിയെ വേളി കഴിക്കുന്ന ആൾക്ക് ഇട്ടു മൂടാനുള്ള പൊന്നും പണവും അയ്യാൾ കൊടുക്കും. പക്ഷെ ചൊവ്വാദോഷമുള്ള ദേവകിയെ സ്വീകരിക്കാൻ എല്ലാവർക്കും ഭയമാണ്.

ചൊവ്വാദോഷത്തിന്റെ പേരും പറഞ്ഞു ഒരുപാട് നല്ല ആലോചനകൾ മുടങ്ങി.നാണിയമ്മയുടെ പോലെയുള്ള നാടുനിരങ്ങികൾ വീടുവീടുതോറും ചെന്ന് പലഹാരവും കാപ്പിയും കഴിച്ച് ദേവകിയുടെ ചൊവ്വാദോഷകഥയും, ചൊവ്വാദോഷക്കാരുടെ ദുർവിധികളും എരിവും പുളിയും ചേർത്ത് വിളമ്പികൊണ്ടേ ഇരുന്നു. അതിനിടയിൽ ഇതൊന്നും വരുന്നവരെ അറിയിക്കാതെ വേളി നടത്താനും ഗോപാലൻനായർ ഒരു ശ്രമം നടത്തി. നാട്ടിലെ പ്രധാനികൾ അത് വരന്റെ വീട്ടുകാരെ അറിയിച്ചു മുടക്കുകയും ചെയ്തു. ഗോപാലൻനായർക്കും വിലാസിനിയമ്മയ്ക്കും ദേവകിയുടെ വേളി ഒരു തല വേദനയായി.

അങ്ങനെയിരിക്കെയാണ് അപ്പുറത്തുള്ള കുട്ടൻപിള്ളയുടെ വീട്ടിലെ ചായ്‌പ്പിൽ ഒരു പുതിയ താമസക്കാരൻ വരുന്നത്. കുട്ടൻപിള്ള ദേവകിയുടെ അച്ഛന്റെ ഉറ്റ സുഹൃത്താണ്. കലയും, കവിതയും, സാഹിത്യവും പിന്നെ ആരും അറിയാതെ ഒരല്പം കമ്മ്യൂണിസവും ഉള്ള ഒരു ദേശാടനക്കിളി ആണ് കക്ഷി. ഒറ്റത്തടി, വിവാഹം കഴിച്ചിട്ടില്ല. കലാപ്രവർത്തനങ്ങളുടെ ഭാഗമായി കൽക്കട്ട സന്ദർശിച്ചു വരുന്ന വഴിക്ക് ലഭിച്ച ശിഷ്യനാണ്, സുബ്ബു എന്ന് അദ്ദേഹം വിളിക്കുന്ന സുബ്രദോ ഭട്ടാചാര്യ, ഒരു തനി ബംഗാളുകാരൻ . അയ്യാളാണ് ചായ്പ്പിലെ പുതിയ താമസക്കാരൻ. കുറ്റിമുടിയും, പരുക്കൻ ശരീരഭാഷയും ഉള്ള ഒരൊത്ത മനുഷ്യൻ.

അച്ഛന്റെ പിറന്നാളിനുണ്ടാക്കിയ പായസം കുട്ടൻപിള്ളക്ക് കൊടുക്കാൻ പോയപ്പോഴാണ് ദേവകി ആദ്യമായി സുബ്ബുവിനെ കാണുന്നത്. അയ്യാളുടെ തപ്പിത്തടഞ്ഞുള്ള മലയാളം ദേവകിയിൽ ഒരു നേർത്ത പുഞ്ചിരി വിടർത്തി. പിന്നീട് അതൊരു സൗഹൃദമായി. ദേവകി കുട്ടൻപിള്ളയുടെ വീട്ടിലെ ഒരു സ്ഥിരം സന്ദർശകയായി. അവർ തമ്മിൽ കൂടുതൽ അടുത്തു.

ദേവകിയുമായുള്ള സഹവാസം സുബ്ബുവിന്റെ മലയാളം മെച്ചപ്പെടുത്തി. അവർ തമ്മിലുള്ള ആശയവിനിമയം എളുപ്പമാക്കാൻ അത് കൂടുതൽ സഹായിച്ചു .സുബ്ബു കൽക്കട്ടയെ പറ്റി പറഞ്ഞ കഥകളും വർണനയും ദേവകിയുടെ മനസ്സിൽ മായാത്ത ചിത്രങ്ങൾ പോലെ പതിഞ്ഞു.കൽക്കട്ട ദേവകിയുടെ സ്വപ്നനഗരമായി. ഹൗറ പാലവും, സുന്ദർബൻ കാടുകളും, ഹൂഗ്ളി നദിയും, ബംഗാൾ കടുവയും, റോഡിലൂടെ ഓടുന്ന കുഞ്ഞു ട്രാമുകളുമെല്ലാം എല്ലാം അവരുടെ ചർച്ചകളിലേ നിത്യ സന്ദർശകരായി.

ഒടുവിൽ സുബ്ബു തനിക്കറിയുന്ന ഭാഷയിൽ ദേവകിയോടു ചോദിച്ചു – ” ദേവകി എന്താ കല്യാണം കഴിക്കാത്തെ? “. ദേവകി ഒരു മ്ലാനഭാവത്തോടെ സുബ്ബുവിനു മറുപടി കൊടുത്തു – “ഞാൻ മറ്റുള്ള പെൺകുട്ടികളെ പോലെ അല്ല, ഞാൻ ഒരു ചൊവ്വാദോഷകാരിയാ “. സുബ്ബുവിനു ഒന്നും മനസിലായില്ല. അതിനെന്താ കുഴപ്പം എന്ന് അവൻ അവളോട്‌ ചോദിച്ചു. അവൾ മറുപടി ഒന്നും പറയാതെ പതുക്കെ വീട്ടിലേക്കു പോയി.

കുട്ടൻപിള്ളയോട് ചൊവ്വദോഷം എന്താണെന്ന് സുബ്ബു സൂത്രത്തിൽ ചോദിച്ചു മനസിലാക്കി . പക്ഷെ ദേവകിയുടെ കാര്യമാണ് അവൻ ചോദിക്കുന്നത് എന്ന് കുട്ടൻപിള്ളക്ക് മനസിലായി. എന്നാൽ അയാൾ അത് അറിഞ്ഞ ഭാവം നടിച്ചില്ല. പിന്നീട് ദേവകിയെ പാടവരമ്പത്ത്‌ വെച്ച് കണ്ടപ്പോൾ സുബ്ബു പറഞ്ഞു – “ഈ ഗ്രഹങ്ങൾക്കൊന്നും ആരെയും ഒന്നും ചെയാൻ പറ്റില്ല, അതൊക്കെ അന്ധവിശ്വാസങ്ങളാ “. ദേവകിക്ക് ചിരി വന്നു. “ഒരു ഗവേഷണം നടത്തിയ മട്ടുണ്ടലോ” എന്ന് അവൾ അയ്യാളോട് ചോദിച്ചു.” ഏയ്യ് !!. അറിയാനുള്ള ഒരു കൗതുകം മാത്രം “- എന്ന് അവൻ മറുപടി നൽകി. “സുബ്ബുവിന് എന്നെ കെട്ടിച്ചു വിടാണ്ട് എന്താ ഇത്ര ദൃതി ? “. ഈ ചോദ്യം കേട്ട് അയാളൊന്നു പുഞ്ചിരിക്ക മാത്രം ചെയ്‌തു. അവർ വീട്ടിലേക്ക് നടന്നു കൊണ്ടിരിക്കെ കമ്മ്യൂണിസം എന്താണെന്ന് അവൾ അവനോടു ചോദിച്ചു. അവൻ പറഞ്ഞു -“മറ്റുള്ളവരുടെ പ്രശ്നങ്ങളും വേദനകളും നമുക്ക് നമ്മുടേതായി തോന്നുന്നുണ്ടെങ്കിൽ, അല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ സാധിക്കുന്നുണ്ടെങ്കിൽ നമ്മൾ ഒരു കമ്മ്യൂണിസ്റ്റാണ് “. ദേവകി പ്രതീക്ഷച്ചതിലും വളരെ ലളിതമായിരുന്നു കമ്മ്യൂണിസ്റ്റ്‌ ആശയം. അവളും കമ്മ്യൂണിസ്റ്റ്‌ ആയിക്കോട്ടെ എന്ന് അവൾ അയ്യാളോട് ചോദിച്ചു. “പിന്നെന്താ ആയിക്കോ… ദേവകി ഇപ്പോൾ മുതൽ ഒരു കമ്മ്യൂണിസ്റ്റാണ്‌ !!” എന്ന് അയ്യാൾ പറഞ്ഞപ്പോൾ ഉച്ചസൂര്യനെ പോലെ അവളുടെ മുഖം തിളങ്ങി.

വൈകാതെ സുബ്ബു അയ്യാളുടെ നാട്ടിലേക്കു തിരിച്ചു പോവും എന്ന് ദേവകിക്ക്‌ ഒരു സൂചന ലഭിച്ചു. അതവളേ അല്പം മൗനത്തിലാക്കി.കുറച്ചു ദിവസങ്ങൾ അവർ തമ്മിൽ കണ്ടില്ല. ദേവകിയുടെ അസാന്നിധ്യം സുബ്ബുവിനെയും അസ്വസ്ഥനാക്കി. അവർ പോലും അറിയാതെ അവരുടെ ഇടയിൽ എന്തോ സംഭവക്കുന്നത് പോലെ ഇരുവർക്കും തോന്നി. വൈകാതെ ആ ദിവസം വന്നെത്തി. ഇന്ന് വൈകീട്ടുള്ള തീവണ്ടിക്കു സുബ്ബു പോവുകയാണ്. പോവുന്നതിനു മുമ്പ് അയാൾക്ക് ദേവകിയെ ഒരു നോക്ക് കാണണം എന്നുണ്ട്. പക്ഷേ ദേവകിയെ അന്നൊന്നും അയാൾ പുറത്ത് കണ്ടില്ല. ഒടുവിൽ യാത്ര ചോദിക്കാൻ അയ്യാൾ കുട്ടൻപിള്ളയുടെ കൂടെ ഗോപാലൻനായരുടെ വീട്ടിൽ വന്നപ്പോഴും അവൾ അവിടെ ഉണ്ടായിരുന്നില്ല. ഇനി ദേവകിയെ ഒരിക്കലും കാണാൻ പറ്റില്ലെന്നുള്ള ഒരു ചിന്ത അയ്യാളുടെ മനസ്സിൽ ഒരു നേർത്ത വിങ്ങലായി.

അയ്യാൾ തന്റെ പെട്ടിയുമായി സ്റ്റേഷനിലേക്ക് പോകുന്ന വഴി, പാടവരമ്പത്തുവെച്ച് ആരോ തന്റെ പിന്നിൽ ഓടിവരുന്നപോലെ അയ്യാൾക്ക് തോന്നി. അയ്യാൾ തിരിഞ്ഞുനോക്കിയപ്പോൾ, കുളിച്ചു ഈറനെടുത്ത്‌, ചന്ദനകുറിയെല്ലാം തൊട്ട് അയ്യാളുടെ അടുത്തേക്ക് ദേവകി ഓടി വരികയാണ്.ലോകത്തിലെ മുഴുവൻ സൗന്ദര്യവും അയ്യാളുടെ അരികിലേക്ക് വരികയാണെന്ന് അയാൾക്ക്‌ തോന്നി. അമ്പലത്തിൽ നിന്നുള്ള വഴിയാണ്. അവൾ സുബ്ബുവിന്റെ നെറ്റിയിൽ ചന്ദനകുറി ചാർത്തി. അവൾ പ്രാസാദം കൊടുത്തപ്പോൾ അയ്യാൾ അത് സ്നേഹപൂർവ്വം നിരസിച്ചു – “എനിക്കിതിലൊന്നും വിശ്വാസമില്ല, പോവുന്നതിനു മുൻപ് ഒന്ന് കാണണം എന്നുണ്ടായിരുന്നു, സന്തോഷായി.. “. ഇനി കാണുമോ എന്ന അവളുടെ ചോദ്യം അയാളെ വേദനിപ്പിച്ചെങ്കിലും, അതയ്യാൾ പുറത്ത് കാണിച്ചില്ല.

“അല്ലെങ്കിലും ഇതെനിക്ക് വിധിച്ചിട്ടുള്ളതാ!! ഇഷ്ടമുള്ളവരൊക്കെ ദൂരേക്ക് മാഞ്ഞുപോകും… ഇവിടെയുള്ള ആർക്കും എന്നെ ഒരു സാധാരണ പെൺകുട്ടിയായി കാണാൻ പറ്റില്ല. എല്ലാർക്കും ഞാൻ ഒരു ചൊവ്വാദോഷകാരിയാ, ശാപമാ “- അവൾ വിതുമ്പി.അല്പം കൂടി നിന്നാൽ തന്റെ ഉള്ളിൽ ദേവകിയോടുള്ള വികാരങ്ങൾ പുറത്ത് വരുമെന്ന് അയ്യാൾ ഭയപ്പെട്ടു. “തീവണ്ടിക്ക് സമയമായി, പോവണം ” എന്ന് പറഞ്ഞു അയ്യാൾ നടക്കാൻ തുടങ്ങി.

ദേവകി അയ്യാളെ പിന്തുടർന്നു, അയ്യാളെ പുറകിലൂടെ കെട്ടിപുണർന്നുകൊണ്ട് അയ്യാളുടെ ചെവിയിൽ അവൾ ഇങ്ങനെ പറഞ്ഞു -“സുബ്ബു ഒരു കമ്മ്യൂണിസ്റ്റല്ലേ, എന്നെ ഒരു സാധാ പെണ്ണായ് കാണാൻ പറ്റില്ലേ? എന്നെ ഇവടന്ന് ഒന്ന് രക്ഷിച്ചുകൂടെ ? “.. അയ്യാളുടെ കണ്ണുകൾ നിറഞ്ഞു. അയ്യാൾ ദേവകിയെ എടുത്ത് ഉയർത്തി ആലിംഗനം ചെയ്‌തു. അയ്യാൾ പറഞ്ഞു – “എനിക്കൊരിക്കലും നിന്നെപോലെ ഒരു പെണ്ണിനെ കിട്ടില്ല, നീ എനിക്ക് ചോരയും നീരുമുള്ള ഒരു പെണ്ണ് മാത്രമല്ല, എന്റെ ചിന്തകളാണ്. എന്റെ ലോകമാണ്.എന്റെ ഭാവിയാണ്. എനിക്ക് ജാതിയും മതവും ഒന്നും ഇല്ല. മനുഷ്യത്തവും സ്നേഹവുമാണ് ഞങ്ങൾ കമ്മ്യൂണിസ്റ്റ്‌കാരുടെ ജാതിയും മതവും .നിന്നെ സ്വീകരിക്കുന്നതിൽനിന്ന് എന്നെ പിന്തിരിപ്പിക്കാൻ ഒരു ഗ്രഹത്തിനും പറ്റുകയുമില്ല “.

അങ്ങനെ അവർ ഒരുമിച്ചു കൽക്കട്ടയിലേക്ക് യാത്രയായി. അവർ രണ്ടാളും ഒളിച്ചോടിയ വിവരം നാട്ടിലെങ്ങും ഒരു കാട്ടുതീ പോലെ പരന്നു. പക്ഷെ പ്രതീക്ഷക്കു വിപരീതമായി ഈ വാർത്ത കേട്ട ഗോപാലൻനായർ ഞെട്ടിയില്ല.തടിച്ചുകൂടിയ പുരുഷാരത്തോട് അയ്യാൾ ഇങ്ങനെ പറഞ്ഞു “എന്റെ മോളൊന്ന് രക്ഷപെട്ടോട്ടെ.. അവൾക്കും ഒരു ജീവിതം വേണ്ടേ, സുബ്ബു ഒരു നല്ല പയ്യനാണ് . അവൻ എന്റെ മോളെ പൊന്നു പോലെ നോക്കിക്കോളും “. “ആ പെണ്ണിനെ കെട്ടിയാൽ സന്താനഭാഗ്യം ഉണ്ടാവില്ല, ഇനി കുട്ടിജനിച്ചാൽ തന്നെ അത് അച്ഛന്റെ തലകൊണ്ടേ പോവുള്ളു ” – നാണിയമ്മയെ പോലെ ഉള്ളവർ പരിഹസിച്ചുകൊണ്ട് കടന്നുപോയി..

ഒരു വ്യാഴവട്ടത്തിനു ശേഷം…

സുബ്ബുവും ദേവകിയും അച്ചനെയും അമ്മയെയും കാണാൻ തറവാട്ടിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അവൾ ഇന്ന് നാല് കുട്ടികളുടെ അമ്മയാണ് – അസുഘോഷ് ഭട്ടാചാര്യ, വിലാസിനി ഭട്ടാചാര്യ, മമത ഭട്ടാചാര്യ, ഗോപാലൻ ഭട്ടാചാര്യ. അവർ തറവാടിന്റെ ഉമ്മറത്ത്‌ ഊഞ്ഞാല് കെട്ടി അമ്മമേടേം അമ്മാച്ചന്റെയും കൂടെ കളിക്കുന്നുണ്ട്. വാർദ്ധക്യത്തിലാണെങ്കിലും കണകെടുക്കാൻ നാണിയമ്മ എത്തിയിട്ടുണ്ട്. വിലാസിനിയമ്മ ഒരു പുച്ഛഭാവത്തോടെ അവരോട് പറഞ്ഞു – “കണ്ടില്ലേ നാണിയമ്മേ ദേവകിക്ക് 4 മക്കളാ, അഞ്ചാമത്തെ വിശേഷോം ഇണ്ട് ” “അതിനെന്താ വിലാസിനിയമ്മേ ഇത്ര അതിശയിക്കാൻ, അവളെ വേളി കഴിച്ച ആൾക്ക് അതിനു വിശ്വാസങ്ങളൊന്നും ഇല്ലലോ. അതാ ചൊവ്വാദോഷം ഏൽക്കാഞ്ഞത്, അല്ലെങ്കിൽ കാണാർന്നു !!” എന്ന് നാണിയമ്മ മറുപടികൊടുത്തു. തങ്ങൾക്ക് കുറച്ചു തിരക്കുണ്ടെന്നു പറഞ്ഞു ഗോപാലൻനായർ നാണിയമ്മയെ മനപ്പൂർവം ഒഴിവാക്കി.

അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിളും കുടുങ്ങി കെടുനിരുന്ന ആ നാട് അതികമൊന്നും തന്നെ മുന്നോട്ട് പോയിട്ടില്ല. പക്ഷെ ദേവകിയുടെ കഥ പുതിയ തലമുറയിൽ പെട്ട പലരുടെയും ഉള്ളിൽ വിപ്ലവത്തിന്റെയും, പ്രതീക്ഷയുടെയും , സ്നേഹത്തിന്റെയും ഒക്കെ വിത്തുകൾ പാകിയിട്ടുണ്ട്. ആ തീ അവരുടെ ഉള്ളിൽ ഉള്ളോടത്തോളം കാലം ഇനിയും ദേവകിമാരുണ്ടാവുക തന്നെ ചെയ്യും. തൽകാലം ഗ്രഹങ്ങൾക്കും, അവർ പോലും അറിയാതെ അവർ ശിഥിലമാക്കുന്ന ജീവിതങ്ങൾക്കും ഒരു ഇടവേള നൽകികൊണ്ട് ദേവകിയും സുബ്ബുവും അവരുടെ ജീവിതയാത്ര തുടർന്നു…

Published by Jimmy John

After a long term of boredom becoming a boredom. I think it's time to show up. A young lad who gave upon impressing people, instead loves to share, express and communicate those raw thoughts and vague imaginations with all readers, friends and folks.

13 thoughts on “ചൊവ്വയും വ്യാഴവും..

  1. വായിക്കാതെ പോയിരുന്നേൽ ശെരിക്കും നല്ലൊരു കഥ Miss ചെയ്തേനെ…
    നന്നായിട്ടുണ്ട്.
    തുടർന്നും ഇത്തരം കഥകൾ പ്രതീക്ഷിക്കുന്നു.😊😊

    Liked by 3 people

    1. എനിക്കൊരുകാര്യം അറിയാം. കഥ എഴുതുന്നതിനേക്കാ ബുദ്ധിമുട്ടാ അത് കുത്തിയിരുന്ന് വായിക്കുന്നത്. അഭിവാദ്യങ്ങൾ 👍

      Liked by 1 person

      1. 😂😂😂
        ചില കഥകൾ വായനക്കാരെ പിടിച്ചിരുത്താറുണ്ട്. താങ്കളുടെ കഥകളിലുടനീളം ഞാനത് അനുഭവിച്ചു.
        ഒട്ടും മടുപ്പു തോന്നിയില്ല.

        Liked by 2 people

      2. Carry on.. നമ്മുടെ കഥ നമ്മളു തന്നെ ഒരുപാട് തവണ വായിക്കുന്നതും ഒരു പ്രത്യേക സുഖമാണ്😀😁

        Liked by 1 person

Leave a comment

Design a site like this with WordPress.com
Get started